കോഴിക്കോട്ടു പഠിക്കുന്ന മകനെ ഹോസ്റ്റലിലാക്കി തിരിച്ചു വരികയായിരുന്ന പിതാവും കുടുംബത്തിലെ മറ്റ് നാലുപേരുമാണ് കണ്ണൂരിലെ ചെറുകുന്നില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. പിറകില്‍ വന്ന ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കറിലേക്ക് ഇടിക്കുകയായിരുന്നു.
കാസര്‍ഗോഡ് സ്വദേശികളായ ഭീമനടി കമ്മാടം കക്കാടന്‍ സുധാകരന്(52), ഭാര്യ അജിത(33), അജിതയുടെ പിതാവ് കൃഷ്ണന്(65), ചെറുമകന് ആകാശ്(9), കാലിച്ചാനടുക്കത്തെ പത്മകുമാര്‍(69) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. മകന് സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സി.എയ്ക്കു ചേര്‍ത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.
പാപ്പിനിശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡില്‍ പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു് അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. എതിരെ വന്ന ടാങ്കറിലാണ് കാര്‍ കൂട്ടിയിടിച്ചത്. പിന്നില്‍ ലോറിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നി മാറിപ്പോയപ്പോഴാണ് കാര്‍ എതിരെ വരികയായിരുന്ന ടാങ്കറിനടിയിലേക്ക് ഇടിച്ചു കയറിപ്പോയത്. ടാങ്കര്‍ ലോറി പരമാവധി ഇടതുഭാഗത്തേക്ക് ഒതുക്കി ഓടിച്ച് അപകടം ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ സൂചനകള്‍ ഉണ്ട്. എന്നാല്‍ ഫലം കണ്ടില്ല.
നാല് പേര് സംഭവസ്ഥലത്തു തന്നെ മരിച്ചപ്പോള്‍ ആകാശ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഗ്യാസ് ടാങ്കറിനടിയിലേക്ക് മുന്‍വശം പൂര്‍ണമായും തകര്‍ന്ന് അകത്തുകയറിപ്പോയ കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടം നടന്ന സ്ഥലത്തിനു സമീപത്ത് രാത്രിയില്‍ ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും എത്തി. അപകടത്തില്‍പെട്ട രണ്ട് ലോറിയുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post