രാജ്യത്തെ 18-ാമത് ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഇത്തവണ നടക്കുന്നത്.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. അരുണാചല്‍പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാര്‍ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുര്‍ (രണ്ട്), രാജസ്ഥാന് (13), മേഘാലയ (രണ്ട്), തമിഴ്നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാള്‍ (മൂന്ന്), ഉത്തര്‍പ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മുകശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങള്‍) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.
അധികാരത്തിലേക്ക് മൂന്നാം തവണയും മടങ്ങിയെത്തുക എന്നൊരൊറ്റ ലക്ഷ്യം മാത്രമായണ് എന്‍.ഡി.എ. സഖ്യത്തിനു മുന്നിലുള്ളത്. ഏതുവിധേനയും ബി.ജെ.പിയെയും സഖ്യകക്ഷികളെയും ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോയെയാണ് ഇന്ത്യ സഖ്യം പോരിനിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇരു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായി ആകെ 102 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍തന്നെ തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. എന്‍.ഡി.എയുടെ സീറ്റുകളുടെ എണ്ണം 400 കടക്കണമെങ്കില്‍ തമിഴ്നാട്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. 2019ല്‍ തമിഴ്നാട്ടില്‍ 38 സീറ്റുകളും നേടിയത് ഡി.എം.കെ. സഖ്യമായിരുന്നു.
മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തര്‍ ഏറ്റമുട്ടുട്ടുകയായിരുന്നു.
Discussion about this post