പാലക്കാട് പട്ടാമ്പിയില്‍ യുവതി പ്രതിശ്രുത വരനെ കാണാന്‍ പോകുമ്പോഴാണ് റോഡില്‍ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. ഏറെ നേരെ കാത്തിരുന്നിട്ടും പ്രവിയയെ കാണാത്തതിനാല്‍ വരനായ യുവാവ്, സാധാരണ പ്രവിയ വരാന്‍ സാധ്യതയുടെ വഴിയില്‍ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തില്‍ പോകുന്നത് കണ്ടതായി യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ സൗഹൃദത്തിനൊപ്പം അളവില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇരുവരുടെയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു.
കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് സന്തോഷ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്കി. സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായതിന് പിന്നാലെ പ്രവിയയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സന്തോഷ് പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്ന്നിരുന്നു. നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്തിരിയണമെന്ന് പ്രവിയയോട് സന്തോഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെയാണ് പട്ടാമ്പി കൊടുമുണ്ടയിലാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നത്. കുത്താന്‍ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റര്‍ എന്നിവ സമീപത്തുണ്ടായിരുന്നു.
പ്രവിയയുടെ അടിവയറിന് താഴെയും നെഞ്ചിലുമാണ് ആഴത്തില്‍ കുത്തേറ്റത്. കഴുത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുകളും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചെന്നാണ് വിവരം. ഇതിന് ശേഷം സഹോദരന്റെ വീടിനുള്ളില്‍ അത്മഹ്യാശ്രമം നടത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഈ മാസം 29നാണ് പ്രവിയയുടെ വിവാഹം നിശ്ചിയിച്ചിരുന്നത്. പ്രവിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സന്തോഷ്.
Discussion about this post